Pages

Tuesday, June 15, 2010

ചൊവ്വാദോഷം

നമ്മുടെ കുരുന്നുകള്‍ ആദ്യം പഠിക്കേണ്ടത് അന്ധവിശ്വാസമെന്ന വിഷയത്തിലെ പാഠങ്ങളാണോ? ആണെന്നാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തോന്നുംപടി നടത്തുന്ന മത, സമുദായ സ്ഥാപനങ്ങളുടെ മേലാവികളുടെ തീരുമാനം. അങ്ങനെയെങ്കില്‍ ആ പാഠപുസ്തകത്തിലെ ഒന്നാംപാഠം ചൊവ്വാദോഷവും രണ്ടാംപാഠം രാഹുകാലവുമൊക്കെയായിരിക്കും. ജ്യോതിഷികള്‍ നമ്മുടെ ജീവിതങ്ങളെ വാഴാന്‍ ഉള്ള അരങ്ങൊരുക്കിയ മാദ്ധ്യമരാജാക്കന്മാരായ വാരികകള്‍ക്കും ചാനലുകള്‍ക്കും ഈ സമൂഹത്തെ ഇങ്ങനെയൊരു വിപര്യയത്തില്‍ കൊ​ണ്ടെത്തിച്ചതില്‍ അഭിമാനിക്കാം.

ജൂണ്‍ ഒന്നാംതീയതി, സ്കൂളുകള്‍ തുറക്കുകയാണ്. എന്നാല്‍, ഇത്തവണ ജൂണ്‍ ഒന്ന് ചൊവ്വാഴ്ചയാണ്. ചൊവ്വാഴ്ചയെ അശുഭകരമായി കാണുന്ന ജ്യോതിഷാടിസ്ഥിതമായ അന്ധവിശ്വാസികള്‍ക്ക് അക്കാര്യത്തില്‍ താല്പര്യമില്ല. അതിനാല്‍ മിക്ക മാനേജ്മെന്റ് സ്കൂളുകളും വിദ്യാരംഭവും അധ്യയനവര്‍ഷാരംഭവും ജൂണ്‍ ഒന്നില്‍നിന്ന് രണ്ടിലേക്കു മാറ്റിയിരിക്കുകയാണ്, തന്നിഷ്ടപ്രകാരം.

സര്‍ക്കാര്‍തലത്തിലും ഈ പ്രശ്നം ചര്‍ച്ച ചെയ്യപ്പെട്ടെന്നാണു ശ്രുതി. എന്നാല്‍, ഒരു ഇടതുപക്ഷസര്‍ക്കാരും ഇടതുപക്ഷ വിദ്യാഭ്യാസമന്ത്രിയും ഭരിക്കുന്ന സമയത്ത് അത്തരം ചൊവ്വാദോഷപ്പേടിയും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നത് ഉചിതമല്ല എന്ന തീരുമാനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളുകള്‍ ജൂണ്‍ ഒന്ന് ചൊവ്വാഴ്ചമുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കുവാനും പ്രവേശനോത്സവമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നടത്താനും തീരുമാനിക്കുകയായിരുന്നു.

പക്ഷേ, സര്‍ക്കാര്‍ സ്കൂളുകള്‍ വേണമെങ്കില്‍ തുറന്നുകൊള്ളട്ടെ, ഞങ്ങള്‍ ചൊവ്വയെ പിന്നിട്ട് ബുധനേ തുടക്കം കുറിക്കുന്നുള്ളൂ എന്നു് മാനേജ്മെന്‍റുകള്‍ തീരുമാനിക്കുകയായിരുന്നു.

ഏതായാലും കുരുന്നുമനസ്സില്‍ത്തന്നെ അന്ധവിശ്വാസത്തിന്റെ അബദ്ധധാരണകള്‍ പാകുന്ന ഈ തീരുമാനത്തിനെതിരെ വേണ്ട ബലമുപയോഗിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അല്ലെങ്കിലും സര്‍ക്കാരിനെ പഴിച്ചിട്ടെന്തു കാര്യം? പതിമ്മൂന്നാം നമ്പര്‍ മുറി കോടതിക്കു വേണ്ട എന്നു തീരുമാനിച്ച ഒരു നീതിന്യായ വ്യവസ്ഥയാണല്ലോ ഇവിടുള്ളത്.

ഏതായാലും ചൊവ്വാഴ്ച തന്നെ സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ നടപടി ശ്രദ്ധേയമാണെന്നത് പറയാതെ വയ്യ.

No comments:

Post a Comment